Herb-Active

Herb-Active

Share

We market and promote ayurvedic and herbal health care products

26/10/2020

ഉങ്ങ്
********
കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഉങ്ങ്. ഉങ്ങ്, പുങ്ക്, പുങ്ങ്, പൊങ്ങ് തുടങ്ങി പല ദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. സാമൂഹ്യവനവല്‍ക്കരണത്തിന്‍റെ ഭാഗമായി ഈ മരം മിക്കവാറും റോഡുകളുടെ വശങ്ങളില്‍ തണല്‍മരങ്ങളായി വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല സ്ഥലങ്ങളിലും. ഒട്ടനവധി രോഗങ്ങള്‍ക്ക്‌ സിദ്ധൌഷധമാണ്‌ ഉങ്ങ്. ഇലയും, വേരും, തൊലിയും, കുരുവും, കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണയും ഒക്കെ ഔഷധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉങ്ങ് ത്വക്-രോഗങ്ങളിലും വ്രണങ്ങളിലും അതീവഫലപ്രദമായ ഒരു ഔഷധമാണ്. രക്തശുദ്ധി ഉണ്ടാകാനും, തൊലിയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും ഉങ്ങ് നല്ലതാണ്.
ഉങ്ങിന്‍റെ ഇല വെളിച്ചെണ്ണയില്‍ സൂര്യസ്ഫുടം ചെയ്തെടുക്കുന്ന തൈലം സോറിയാസിസ് മാറാന്‍ സഹായകമാണ്. ഇല ചെറുതായി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ട് സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കിയെടുക്കണം.
ഉങ്ങിന്‍റെ തളിരില അര്‍ശസ്സില്‍ വളരെ ഫലപ്രദമാണ്. ചെറുതായി അറിഞ്ഞ തളിരിലയോടൊപ്പം ചെറുതായി അറിഞ്ഞ ചെറിയ ഉള്ളിയും തിരുമ്മിയ തേങ്ങയും ചേര്‍ത്ത് തോരന്‍ വെച്ച് ആഹാരമായി നിത്യം കഴിച്ചാല്‍ അര്‍ശസ്സ് (പൈല്‍സ്) വളരെ വേഗം സുഖപ്പെടും.
വളരെയേറെ വിഷമിപ്പിക്കുന്ന രോഗമായ ഹെര്‍ണിയയില്‍ ഔഷധങ്ങള്‍ കഴിക്കുന്നതോടോപ്പം ഉങ്ങിന്‍റെ തൊലി പൊളിച്ചെടുത്ത് അരപ്പട്ട കെട്ടുന്നത് വളരെ ആശ്വാസം തരും.
ഉങ്ങിന്‍റെ കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ത്വക്-രോഗങ്ങളില്‍ അതീവ ഫലപ്രദമാണ്. ലേപനം ചെയ്യുക മാത്രമേ വേണ്ടൂ. ത്വക്-രോഗങ്ങള്‍ ശമിക്കും.
ഉങ്ങിന്‍റെ ഇലയുടെ സ്വരസം ഉദരകൃമികളെ ശമിപ്പിക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീര് കുടിച്ചാല്‍ വയറ്റിലെ കൃമികള്‍ നശിക്കും.
ഉങ്ങിന്‍റെ എണ്ണ സമം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ താരന്‍ ശമിക്കും. ഉങ്ങിന്‍റെ ഇലയിട്ടു സൂര്യസ്ഫുടം ചെയ്ത വെളിച്ചെണ്ണയും താരന്‍ മാറാന്‍ നല്ലതാണ്.
ഉങ്ങിന്‍റെ കുരു ചതച്ച് കുഷ്ഠവ്രണങ്ങളില്‍ വെച്ചു കെട്ടിയാല്‍ വ്രണങ്ങള്‍ ശമിക്കും.
വളരെ പഴകിയ അഴുകിയ വ്രണങ്ങളില്‍ ഉങ്ങിന്‍റെ വേര് ഇടിച്ചുപിഴിഞ്ഞെടുത്ത നീരില്‍ വേപ്പിന്‍റെ ഇലയും, കരിനൊച്ചിയിലയും അരച്ചുചേര്‍ത്തു പൂശിയാല്‍ വ്രണം കരിയും. തുടരെത്തുടരെ പൂശണം.
ഉങ്ങിന്‍റെ ഇലയും ചെത്തിക്കൊടുവേലിക്കിഴങ്ങും ഇന്തുപ്പ് ചേര്‍ത്തരച്ചു മോരില്‍ കലക്കി കഴിക്കുന്നത്‌ കുഷ്ഠരോഗത്തില്‍ അതീവഫലപ്രദമാണ്.
ഉങ്ങിന്‍റെ പട്ടയിട്ടു വെളിച്ചെണ്ണ കാച്ചിത്തേച്ചാല്‍ അഭിഘാതജന്യമായ ശോഫങ്ങളും ഒടിവും ശമിക്കും.
ഔഷധമായി ഉപയോഗിക്കുന്നതോടോപ്പം ഉങ്ങിന് മറ്റു പല വ്യാവസായിക പ്രയോജനങ്ങളും ഉണ്ട്. കര്‍ണ്ണാടകയില്‍ ഗ്രാമീണര്‍ ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്ന എണ്ണ വിളക്കു കത്തിക്കാന്‍ ഉപയോഗിക്കാറുണ്ട്. ഉങ്ങിന്‍റെ എണ്ണ ബയോഡീസല്‍ ആയി പല രംഗത്തും ഉപയോഗിക്കപ്പെടുന്നു. ഉങ്ങിന്‍റെ കുരുവില്‍ നിന്ന് എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് ബയോ-ഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

24/10/2020

*************************കാഞ്ഞിരം*********************************
“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.
അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം.
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്‍റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്.
കാഞ്ഞിരത്തിന്‍റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്‍റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.
കാഞ്ഞിരം ആമവാത (Arthritis) ഹരമാണ്.
ഹൃദയത്തിന്‍റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്‍റെ കാതല്‍ അര്‍ശസിന് (Piles) നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.
കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്‍റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ (Ligament) അയവ് എന്നിവയില്‍ ശ്രദ്ധിച്ചുപയോഗിച്ചാല്‍ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.
കാരസ്കരതൈലം ആമവാതം, Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – Anemia), മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
മൂത്ത കാഞ്ഞിരത്തിന്‍റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ (Rabies) പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്‍കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.
ഹോമിയോപ്പതിയിൽ ഇത് Nux-Vomica എന്ന ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു
കാഞ്ഞിരം വിഷമുള്ളതാണ്. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം.

23/10/2020

മുള / മുളങ്കര്‍പ്പൂരം
******
തൃണവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു സസ്യമാണെങ്കിലും നക്ഷത്രവൃക്ഷങ്ങളുടെ ഗണത്തില്‍പ്പെടുത്തി ഒരു വൃക്ഷമായാണ് ആയുര്‍വേദം മുളയെക്കാണുന്നത്‌. നാട്ടില്‍ പൊതുവേ എല്ലാ ദേശങ്ങളിലും മുള വളരാറുണ്ട്. ചില മുളകളില്‍ ഒരു ദ്രാവകം നിറഞ്ഞ് അത് ക്രമേണ ഖരരൂപത്തിലാകും. അതിനു മുളങ്കര്‍പ്പൂരം എന്നു പേര്‍. വംശരോചനം, മുളവെണ്ണ, മുളനൂറ്, വംശി, തവക്ഷീരി അങ്ങനെ പല പേരുകളില്‍ മുളങ്കര്‍പ്പൂരം ദേശഭേദമനുസരിച്ച് അറിയപ്പെടുന്നു. മുളങ്കര്‍പ്പൂരം മധുരവും, ശീതളവും മൂത്രളവുമാണ്. പിത്തഘ്നവും കഫഘ്നവുമാണ്. ഛര്‍ദ്ദി, വയറിളക്കം, ചുട്ടുനീറ്റം, കുഷ്ഠം, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസ്രുതി, ശ്വാസവൈഷമ്യം, ചുമ, ആസ്ത്മ, ക്ഷയം, വയറുവേദന, സിഫിലിസ്, ജ്വരം, നേത്രരോഗങ്ങള്‍, ക്ഷീണം തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളില്‍ മുളങ്കര്‍പ്പൂരം ഉപയുക്തമാണ്.
1. ശുക്ലക്ഷയം, ബലക്കുറവ്, ദഹനക്കുറവ് എന്നിവയില്‍ വംശരോചനം അത്യുത്തമമാണ്.
2. മുളങ്കര്‍പ്പൂരം ശതാവരിക്കിഴങ്ങിന്‍നീരില്‍ കഴിച്ചാല്‍ അതു വാജീകരണമാണ്.
3. മുളങ്കര്‍പ്പൂരം, കരിഞ്ചീരകം, ഉണക്കമുന്തിരിങ്ങ, അമുക്കുരം, ഇവ സമം പൊടിച്ചു ഒരു നുള്ളു വീതം കഞ്ഞുണ്ണിനീരില്‍ കഴിച്ചാല്‍ പനി, ചുമ, കുഷ്ഠം, കാമില, മൂത്രകൃഛ്ത്രം, വിളര്‍ച്ച എന്നിവയില്‍ അത്യുത്തമമാണ്.
4. ഛര്‍ദ്ദിക്കും, അതിസാരത്തിനും, കൊളുത്തിപ്പിടുത്തത്തിനും മുളങ്കര്‍പ്പൂരം തേനിലോ നെയ്യിലോ ചാലിച്ചു കഴിച്ചാല്‍ മതി.
5. ഒരു ഗ്രാം മുളങ്കര്‍പ്പൂരം മാതളപ്പഴച്ചാറില്‍ (Pomegranate Juice) കൊടുത്താല്‍ ഛര്‍ദ്ദി നില്‍ക്കും.
6. ഒരു ഗ്രാം മുളങ്കര്‍പ്പൂരം കറിവേപ്പില നീരിലോ ഉലുവക്കഷായത്തിലോ നല്‍കിയാല്‍ വയറിളക്കം ശമിക്കും. പ്രമേഹത്തിലും ഫലപ്രദം.
7. ഒരു ഗ്രാം മുളങ്കര്‍പ്പൂരം പുളിയിലച്ചാറിലോ മല്ലിയും ദേവതാരവും ചേര്‍ത്തുണ്ടാക്കിയ കഷായത്തിലോ നല്‍കിയാല്‍ ആര്‍ത്തവത്തകരാറുകള്‍ മാറും.
8. ഒരു ഗ്രാം മുളങ്കര്‍പ്പൂരം ഗന്ധര്‍വഹസ്താദി കഷായത്തില്‍ നല്‍കിയാല്‍ ദഹനക്കുറവു മാറും.
ഒരു ഗ്രാം മുളങ്കര്‍പ്പൂരം കുറുന്തോട്ടിക്കഷായത്തില്‍ നല്‍കിയാല്‍ ചുരുങ്ങിവലിവു (Spasm) മാറും.
9. കുമ്പളങ്ങാനീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ മൂത്രകൃഛ്ത്രവും കൃഛ്ത്രവേദനയും പോകും.
മുളയിലനീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ കുഷ്ഠം (Leprosy) ശമിക്കും.
10. ചിറ്റമൃതിന്‍നീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ പനി മാറും.
11. കഞ്ഞുണ്ണിനീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ കാമല മാറും.
12. കീഴാര്‍നെല്ലിനീരില്‍ മുളങ്കര്‍പ്പൂരം കഴിക്കുന്നത് എല്ലാത്തരം പാണ്ഡുതയ്ക്കും ലുക്കീമിയയ്ക്കും നല്ലതാണ്.
13. കൂവളയിലനീരിലോ കൂവളവേര്‍ക്കഷായത്തിലോ മുളങ്കര്‍പ്പൂരം ചേര്‍ത്തുകഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും.
14. മുളങ്കര്‍പ്പൂരക്കഷായം പാല്‍ ചേര്‍ത്തു കഴിച്ചാല്‍ വയറുവേദന ശമിക്കും.
വീട്ടില്‍ ഒരല്‍പ്പം മുളങ്കര്‍പ്പൂരം ഉണ്ടെങ്കില്‍ എന്തൊക്കെ രോഗങ്ങളെ ശമിപ്പിക്കാം എന്ന് ഒരു ഏകദേശരൂപം കിട്ടാന്‍ ഇതു മതി. കൃതഹസ്തന്‍മാരായ വൈദ്യശ്രേഷ്ഠന്മാര്‍ അനുപാനവ്യതിയാനം കൊണ്ട് ഒട്ടനേകം രോഗങ്ങളെ ശമിപ്പിക്കുന്നതിന് മുളങ്കര്‍പ്പൂരം അനേകം രഹസ്യമുറകളില്‍ ഉപയോഗിക്കാറുണ്ട്. മേല്‍പ്പറഞ്ഞതൊക്കെ അതിനുള്ള ഉദാഹരണങ്ങള്‍ മാത്രം.

22/10/2020

തൊട്ടാവാടി
********************
തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
1. തൊട്ടാവാടി സമൂലം കഷായം വെച്ച്, അതില്‍ പാല്‍മുതുക്കിന്‍കിഴങ്ങുപൊടി ചേര്‍ത്തു നിത്യം രാവിലെ വെറുംവയറ്റിലും രാത്രി ആഹാരശേഷവും കഴിച്ചാല്‍ സ്തനവളര്‍ച്ചയില്ലാത്ത സ്ത്രീകളില്‍ സ്തനവളര്‍ച്ചയുണ്ടാകും.
2. തൊട്ടാവാടിയും താര്‍താവലും ഒരുമിച്ചു കിഴികെട്ടി അരിയോടൊപ്പമിട്ടു കഞ്ഞിവെച്ചു കഴിക്കുന്നത്‌ അമീബികഅതിസാരത്തില്‍ ഫലപ്രദമാണ്.
3. തൊട്ടാവാടി പാലില്‍പ്പുഴുങ്ങി വറ്റിച്ചെടുത്ത് അരച്ചു പുരട്ടുന്നത് ECZEMA | വിസര്‍പ്പത്തില്‍ ഫലപ്രദമാണ്. തൈര് പൂര്‍ണ്ണമായും ഒഴിവാക്കുകയും, കറുക ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുകയും ചെയ്താല്‍ രോഗശമനം നിശ്ചയം.
4. തൊട്ടാവാടി സമൂലം പാലില്‍പ്പുഴുങ്ങിയരച്ചു പുരട്ടുന്നത് Herpes Zoster | Shingles | ഹെര്‍പ്പസില്‍ ഫലപ്രദമാണ്. കൂട്ടത്തില്‍ കറുകനീര് സേവിക്കാം.
5. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും.
തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.
6. തൊട്ടാവാടി കഷായം വെച്ച്, തൊട്ടാവാടി തന്നെ കല്‍ക്കമായി അരച്ചു ചേര്‍ത്ത്, എണ്ണ കാച്ചി മുടങ്ങാതെ 90 ദിവസം പുരട്ടിയാല്‍ സോറിയാസിസ് ശമിക്കും. ഇതേ എണ്ണ ചൊറിച്ചില്‍, വിചര്‍ച്ചിക, ചൊറി തുടങ്ങിയ ചര്‍മ്മരോഗങ്ങളിലും ഫലപ്രദമാണ്.
7. തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം ഒരു ഔണ്‍സ് വീതം നിത്യവും രാവിലെ മുടങ്ങാതെ സേവിച്ചാല്‍ രക്തത്തിലെ മധുരാംശം നിയന്ത്രണവിധേയമാകും, പ്രമേഹം നിയന്ത്രണവിധേയമാകും.
8. തൊട്ടാവാടി നന്നായി അരച്ച് ചോരയൊലിക്കുന്ന രക്താര്‍ശസ്സിലും, ഗുദഭ്രംശമുള്ള അര്‍ശസ്സിലും പുരട്ടിയാല്‍ ശമനമുണ്ടാകും.
9. തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് | സ്വരസം 15 മില്ലി ദിവസവും രാവിലെ ഒരു വാല്‍മീകവടി പൊടിച്ചിട്ട് കുറച്ചു നാള്‍ മുടങ്ങാതെ സേവിച്ചാല്‍ കഫക്കെട്ട്, തമകശ്വാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ശമിക്കും.

21/10/2020

മുത്തിള്‍ (കുടങ്ങല്‍)
********************************
കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്കത്തിന്‍റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്‍റെ ഇലയുടെ രൂപം ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്കവുമായുള്ള ബന്ധത്തിന്‍റെ പ്രകൃതിയുടെ സൂചനയാവാം.
മുത്തിള്‍ ധാതുവര്‍ദ്ധകമാണ്. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ മുത്തിളിനു കഴിവുണ്ട്.
1. ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ മുത്തിളിനു കഴിവുണ്ട്. കരള്‍സംബന്ധമായ രോഗങ്ങളിലും മുത്തിള്‍ ഫലപ്രദമാണ്.
2. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്.
3. തിരുതാളി, മുത്തിള്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്‍പ്പാല്‍പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്.
4. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്.
5. മുത്തിളിന്‍റെ ഇലയും കുരുമുളകും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിട്ടം ശമിക്കും.
6. മുത്തിളിന്‍റെ ഇലയും മൂന്നു കുരുമുളകും ചേര്‍ത്തരച്ചു നെല്ലിക്കാവലുപ്പം എടുത്ത് തേനില്‍ ചേര്‍ത്തു നിത്യം സേവിക്കുകയും വായില്‍ പകുതി വെള്ളം നിറച്ച്, സംസാരിച്ചു പരിശീലിക്കുകയും ചെയ്‌താല്‍ വിക്കല്‍ (Stammering) മാറും. കുട്ടികളില്‍ ഈ ഔഷധം അതീവഫലദായകമാണ്.
7. മുത്തിളിന്‍റെ ഇലയും അക്കിക്കറുകയുടെ പൂവും ചേര്‍ത്ത് വായിലിട്ടു ചവച്ചാല്‍ പല്ലുവേദനയ്ക്ക് ശമനം ഉണ്ടാകും.
8. മുത്തിള്‍ കഷായം വെച്ച്, മുത്തിള്‍ തന്നെ കല്‍ക്കമായി ചേര്‍ത്ത് ഘൃതം (നെയ്യ്) പാകം ചെയ്തു കഴിച്ചാല്‍ ബുദ്ധി വര്‍ദ്ധിക്കും.
9. മുത്തിള്‍ കഷായം വെച്ച് മുടങ്ങാതെ ആറു മാസം കഴിച്ചാല്‍ ഹെപ്പറ്റൈറ്റിസ് – ബി ശമിക്കും.
10. ത്വക്-രോഗങ്ങളില്‍ മുത്തിള്‍ ഗുണപ്രദമാണ്. രക്തം ഉഷ്ണിച്ചുണ്ടാകുന്ന ചര്‍മ്മരോഗങ്ങളില്‍ മുത്തിള്‍, കരിഞ്ജീരകം, കദംബത്തൊലി, നാടന്‍ പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്ത് ലേപനം ഉണ്ടാക്കി പുരട്ടുന്നത് ഫലപ്രദമാണ്.
11. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം അര ഔണ്‍സ് വീതം വെണ്ണ ചേര്‍ത്തു കൊടുക്കുകില്‍ കൊച്ചുകുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും. ഉന്മാദം, അപസ്മാരം എന്നീ രോഗാവസ്ഥകളില്‍ ഈ ഔഷധം സേവിക്കുന്നത് നിദ്രയെ വര്‍ദ്ധിപ്പിക്കും, തദ്വാരാ രോഗത്തിനു ശമനം ഉണ്ടാക്കുകയും ചെയ്യും.
12. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം, മുത്തിള്‍ തന്നെ അരച്ചു കല്‍ക്കമായി, നെയ്യ് കാച്ചി ദിനവും മുടങ്ങാതെ സേവിച്ചാല്‍ ശരീരശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും.
13. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത നീരോ, മുത്തിള്‍ ഇട്ടു കാച്ചിയ വെളിച്ചെണ്ണയോ പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറും, വ്രണങ്ങള്‍ ശമിക്കും.
മുത്തിള്‍ അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണ്‍, കുടല്‍പ്പുണ്ണ്‍ എന്നിവ ശമിക്കും എന്ന് ചില നാട്ടുവൈദ്യന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

20/10/2020

തുമ്പ
********
ഗൃഹവൈദ്യത്തില്‍ | നാട്ടുവൈദ്യത്തില്‍ തുമ്പ കൊണ്ട് അനവധി പ്രയോഗങ്ങളുണ്ട്.
1. തുമ്പയിലനീര് രണ്ടു തുള്ളി വീതം മൂക്കില്‍ നസ്യം ചെയ്‌താല്‍ ശിരസ്സിലെ കഫക്കെട്ട് മാറും.
2. തുമ്പയിലനീര് രണ്ടു തുള്ളി വീതം നസ്യം ചെയ്താന്‍ പീനസം | Sinusitis, തന്മൂലം ഉണ്ടാകുന്ന തലവേദന എന്നിവ ശമിക്കും.
3. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
4. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
5. തുമ്പക്കുടം കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഗുദത്തില്‍ വെച്ചാല്‍ ഉദരകൃമികള്‍ പുറത്തേക്ക് ഇറങ്ങിവരും.
6. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ വിരഛര്‍ദ്ദി ശമിക്കും.
7. തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണിയും വയറ്റിലെ വ്രണങ്ങളും (അള്‍സര്‍) മാറും
8. തുമ്പപ്പൂവ് ഒരുപിടി, ഒരു ഔണ്‍സ് ചെന്തെങ്ങിന്‍കരിക്കിന്‍വെള്ളത്തില്‍ അരച്ചു കലക്കി കഴിച്ചാല്‍ ഏതു പനിയും മാറും.
9. തുമ്പയുടെയും തുളസിയുടെയും കഴുത്തുകളും തണ്ടുകളും അരച്ച് ശര്‍ക്കരയില്‍ സേവിച്ചാല്‍ ജ്വരം | പനി ശമിക്കും
10. തുമ്പപ്പൂവ്, പൂവാങ്കുറുന്തല്‍, തുളസിയില, കുരുമുളക്, പാവട്ടത്തളിര് – ഇവ സമമെടുത്ത് അരച്ചു ഗുളികയാക്കി തണലില്‍ ഉണക്കി കഴിക്കാന്‍ കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന സര്‍വ്വ പനിയും ശമിക്കും
11. തുമ്പപ്പൂവ് അഞ്ചു ഗ്രാം, ഒരു ഗ്രാം കാവിമണ്ണ് (സുവര്‍ണ്ണഗൈരികം), ഒരു ഗ്രാം ഇരട്ടിമധുരം (യഷ്ടിമധു) എന്നിവ ചതച്ച് ഒരു തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി കണ്ണില്‍ ഇറ്റിച്ചാല്‍ കാമല | മഞ്ഞപ്പിത്തം മാറും.
12. തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
13. തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.
14. തുമ്പപ്പൂവ് തേനില്‍ അരച്ചു കഴിച്ചാല്‍ ചുമ ശമിക്കും.
15. തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല്‍ വെന്തു സേവിപ്പിപ്പിച്ചാല്‍ കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.
16. തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പ്രസൂതി കഴിക്കുന്നത്‌ ഗര്‍ഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്.
17. തുമ്പ സമൂലം ഉണക്കിപ്പൊടിച്ച്, ആ പൊടി കഷായം വെച്ചു വ്രണങ്ങള്‍ കഴുകിയാല്‍ അവ പെട്ടന്നു ശമിക്കും.
18. തുമ്പയില നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന ദീനങ്ങള്‍ ശമിക്കും.
19. വിഷജീവികള്‍ കടിച്ചാല്‍ തുമ്പയില അരച്ചു കടിവായില്‍ പുരട്ടുന്നത് നല്ലതാണ്. തേള്‍, പാമ്പുകള്‍ എന്നിവ കടിച്ചാല്‍ തുമ്പ ഉപയോഗിച്ചിരുന്നു.
തുമ്പയുടെ മാഹാത്മ്യം ഇവിടെ തീരുന്നില്ല. ബാലചികിത്സയിലെ ഒരു സിദ്ധൌഷധിയാണ് തുമ്പ. ഈ അത്ഭുതസസ്യത്തിന് ദ്രോണി, മഹാദ്രോണി എന്നൊക്കെ ആചാര്യന്മാര്‍ പേര് നല്‍കിയത് വെറുതെയല്ല. രോഗങ്ങളാകുന്ന പുഴയില്‍ നിന്ന് കര കയറാനുള്ള തോണിയാണ് സത്യത്തില്‍ ഈ ഔഷധി. ഇത്രയും അറിഞ്ഞെങ്കിലും ആധുനികതയുടെ പേരില്‍ ഔഷധസസ്യങ്ങളെ വെട്ടിനിരത്താതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

19/10/2020

കാട്ടുള്ളി
**************
രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. ബള്‍ബ് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ബള്‍ബ് വെള്ളനിറത്തിലും വിളറിയ മഞ്ഞനിറത്തിലും കാണപ്പെടുന്നു. നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.
ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ട് കാട്ടുള്ളിയ്ക്ക്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന കൃമികള്‍, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാന്‍ കാട്ടുള്ളിയ്ക്കു കഴിവുണ്ട്. പൊതുവേ അണുനാശകമാണ്. കൃമിഹരമാണ്.മലബന്ധത്തെ അകറ്റാനുള്ള കഴിവുണ്ട്. മൂലക്കുരുവില്‍ അതീവഫലദായകമാണ്. ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. വിഷാംശമുള്ളതു കൊണ്ട് ഉള്ളിലേക്ക് കഴിക്കുമ്പോള്‍ നല്ലെണ്ണയില്‍ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്.
1. വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവില്‍ (അര്‍ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൌഷധമാണ്. തേങ്ങാപ്പാലില്‍ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താല്‍ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ്‍ വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാല്‍ മൂലക്കുരു ശമിക്കും. ഇത് ഒരു പഴയ നാടന്‍ പ്രയോഗമാണ്. ശസ്ത്രക്രിയ വേണമെന്നു ഡോക്ടര്‍മാര്‍ പറയുന്ന അവസ്ഥയില്‍പ്പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും.
2. കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള്‍ : കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിയുള്ള ഭാഗം അതില്‍ അമര്‍ത്തി ചൂടുകൊള്ളിച്ചാല്‍ സുഖപ്പെടും.
കാട്ടുള്ളി വെളിച്ചെണ്ണയില്‍ അരച്ച് പുരട്ടിയാല്‍ അരിമ്പാറ, പാലുണ്ണി എന്നിവ മാറും. കാട്ടുള്ളി നീര് പതിവായി പുരട്ടിയാലും അരിമ്പാറ മാറും.
3. കാട്ടുള്ളി ചുട്ടു ചതച്ച് അരച്ച് കാല്‍പ്പാദങ്ങളില്‍ പുരട്ടിയാല്‍ കാല്‍പ്പാദങ്ങളിലെ പുകച്ചില്‍ ശമിക്കും.
കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും.
4. ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത കുറയുകയും തന്മൂലം രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിനു കുറയുകയും ചെയ്യുമ്പോള്‍ ശ്വാസകാസരോഗങ്ങളും, ശോഫം, കാല്‍പ്പാദങ്ങളില്‍ നീര് തുടങ്ങിയവ ചെയ്യും. ഈ അവസ്ഥയില്‍ ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് നല്ലതാണ്.
കാട്ടുള്ളിയ്ക്ക് വിഷാംശം ഉണ്ട്. അതുകൊണ്ട് ഒരു വര്‍ഷത്തിലധികം പഴകിയ കാട്ടുള്ളി ഉള്ളില്‍ കഴിക്കരുത് എന്ന് ആചാര്യന്മാര്‍ പറയുന്നുണ്ട്. തന്നെയുമല്ല, കാട്ടുള്ളി ഉപയോഗിക്കുമ്പോള്‍ വിദഗ്ധനായ ഒരു ഭിഷഗ്വരന്‍റെ മേല്‍നോട്ടം ഉണ്ടാകുന്നതാണ് അഭികാമ്യം

17/10/2020

ഇലമുളച്ചി.
****************
മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത് നല്ലതാണ്.
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

16/10/2020

ബ്രഹ്മി
************
അസാമാന്യമായ ഔഷധഗുണങ്ങൾ ഉള്ള സസ്യമാണ് ബ്രഹ്മി. ശോധനയുണ്ടാകാനും, സ്വരം നന്നാകാനും, ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കാനും, കുഷ്ഠം പ്രമേഹം കഫം വിഷം വീക്കം ജ്വരം തുടങ്ങിയവയുടെ ശമനത്തിനും ബ്രഹ്മി ഉപയോഗപ്രദമാണ്. മാനസികരോഗങ്ങൾ, അപസ്മാരം, ബുദ്ധിവികാസമില്ലായ്മ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുമ്പോൾ ചികിത്സാവിധികളിൽ ബ്രഹ്മി ധാരാളമായി ഉപയോഗിക്കുന്നു. ബ്രഹ്മി നാഡികളെ ഉത്തേജിപ്പിക്കുന്നു. അധികം കഴിച്ചാൽ വിരേചനമുണ്ടാക്കും. ബ്രഹ്മിയുടെ മറ്റൊരു പ്രധാന ഔഷധഗുണം ഹൃദയ ഭിത്തികളിൽ നേരിട്ടു പ്രവർത്തിച്ച് ഹൃദയത്തിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കാനുള്ള കഴിവാണ്. ബ്രഹ്മി ഒരു ഉത്തമരസായനവുമാണ്.
രസം – തിക്തം കഷായം, ഗുണം – ലഘു, വീര്യം – ശീതം, വിപാകം – മധുരം, പ്രഭാവം – മേധ്യം, കഫവാതങ്ങളെ സമീകരിക്കുന്നു.
കേട്ടും വായിച്ചും അറിഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍.
[.] അപസ്മാരം, ഉന്മാദം എന്നീ അവസ്ഥകളിൽ ബ്രഹ്മി പാലിൽ കാച്ചി പതിവായി സേവിക്കുന്നത് നല്ലതാണ്.
[.] ബ്രഹ്മിയുടെ ഇല ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം പാലിൽ ചേർത്തു കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കാൻ നല്ലതാണ്. മാനസികരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.
[.] ബ്രഹ്മി ഉണക്കിപ്പൊടിച്ച ചൂർണ്ണം നിത്യം ചേറുതേനിൽ കഴിച്ചാലും ഓർമ്മശക്തി വർദ്ധിക്കും.
[.] ബ്രഹ്മിയുടെ സ്വരസം 5 മുതൽ 10 മില്ലി വരെ സമം നെയ്യോ നവനീതമോ ചേർത്ത് നിത്യം സേവിപ്പിച്ചാൽ ബാലകരിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കുമെന്ന് നിശ്ചയം.
[.] ബ്രഹ്മി, വയമ്പ്, ആടലോടകം, വാൽമുളക്, കടുക്ക ഇവയുടെ കഷായം തേൻ ചേർത്തു സേവിച്ചാൽ ശബ്ദം തെളിയും. ശബ്ദസൗകുമാര്യം ഏറും. സംഗീതോപാസകർക്ക് ഒരു അനുഗ്രഹമാണ് ഈ ഔഷധി.
[.] ബ്രഹ്മി, വിഷ്ണുക്രാന്തി, കുരുമുളക്, പച്ചവയമ്പ്, കടുക്കത്തോട് ഇവ അര കഴഞ്ചു വീതം അരച്ച് 4 ഗുളികയാക്കി ദിവസം 6 മണിക്കൂർ ഇടവിട്ട് ഓരോ ഗുളിക കഴിച്ചാൽ വിക്കിന് ആശ്വാസം ലഭിക്കും. ഈ യോഗത്തിൽ ബ്രഹ്മി പോലെ പ്രയോജനകരമാണ് മുത്തിൾ.
[.] നിത്യം പ്രഭാതേ ബ്രഹ്മിയില പിഴിഞ്ഞ നീര് സേവിക്കുന്നത് വിക്കിന് ശമനം നൽകും. മുത്തിളും കുരുമുളകും ചേർത്തു കഴിക്കുന്നതും നല്ലത്.
[.] ബ്രഹ്മിയില നിഴലിൽ ഉണക്കി പൊടിച്ചെടുത്ത ചൂർണ്ണം ദിനവും 5 ഗ്രാം മുതൽ 10 ഗ്രാം വരെ കഴിക്കുന്നത് നല്ലതാണ്. ചൂർണ്ണം വെള്ളത്തിൽ തിളപ്പിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് സിറപ്പായും ഉപയോഗിക്കാം. ദേഹകാന്തിയ്ക്കും ഓർമ്മശക്തിയ്ക്കും ആയുസ്സിനും നന്ന്.
[.] ഹെർണിയ | വൃദ്ധി എന്ന അവസ്ഥയുടെ തുടക്കത്തിൽ ബ്രഹ്മീതൈലം പുരട്ടിയാൽ ശസ്ത്രക്രിയ ഇല്ലാതെ ശമനം ലഭിക്കും. [കുമാരകൃഷ്ണസങ്കലിതം]
[.] ബ്രഹ്മി, വയമ്പ്, ജഡാമാഞ്ചി, മഞ്ചട്ടി, ഗുൽഗുലു, ശതാവരി, അമരി, കടുകു രോഹിണി, അമൃത് ഇവ നെയ്യിന്റെ 4 ഇരട്ടി വെള്ളത്തിൽ അരച്ചുകലക്കി കൽക്കത്തിന്റെ 4 ഇരട്ടി നെയ്യും ചേർത്ത് കാച്ചിയരിച്ചു കഴിച്ചാൽ ഉന്മാദം അപസ്മാരം ജന്മനായുള്ള മന്ദബുദ്ധിത്വം എന്നിവ ശമിക്കും. ധാരണാശക്തി ബുദ്ധി ഓർമ്മ എന്നിവ വർദ്ധിക്കും.
[.] വിധിവൈപരീത്യം കൊണ്ട് ചില കുട്ടികൾ ജന്മനാ കൈകാലുകൾ മുരടിച്ച് വളർച്ചയില്ലാതെ ബുദ്ധി വളർച്ചയില്ലാതെ ആതുരരായി ജീവിക്കേണ്ടി വരുന്നു. ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽച്ചേർത്ത് നിത്യം സേവിപ്പിക്കുന്നത് ഇത്തരം അവസ്ഥകളിൽ അതീവഫലപ്രദമാണ്.
[.] ജന്മനാ മഞ്ഞപ്പിത്തമുള്ള കുട്ടികൾക്ക് ബ്രഹ്മിയില ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ബാലാതപമേൽപ്പിക്കുന്നതും നന്ന്.
[.] അപക്വമായ വ്രണങ്ങളില്‍ ബ്രഹ്മി അരച്ചു പുരട്ടിയാല്‍ വ്രണം വേഗം പഴുത്തു പൊട്ടും.
[.] ബ്രഹ്മിയിലനീരും ത്രികോല്‍പ്പക്കൊന്നയിലനീരും സമമെടുത്ത് അര ഔണ്‍സ് വീതം നിത്യം പ്രഭാതേ സേവിച്ചാല്‍ മഹോദരം ശമിക്കും.
[.] ബ്രഹ്മി സമൂലം നന്നായി അരച്ചെടുത്ത് ചൂടാക്കിയ പാത്രത്തിലിട്ടു അല്‍പസമയം ചൂടാക്കി നെഞ്ചില്‍ പുരട്ടിയാല്‍ കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ആസ്തമയും ശമിക്കും.
[.] കുട്ടികളില്‍ കണ്ടുവരുന്ന Attention Deficit Hyperactive Disoreder (ADHD) എന്ന അവസ്ഥയിലും ബ്രഹ്മി ഫലപ്രദമാണ്.
വയറ്റില്‍ അള്‍സര്‍ ഉള്ളവരും, വളരെ പെട്ടന്നു ക്ഷോഭിക്കുന്ന Sensitive ആയ ഉദര അവസ്ഥ ഉള്ളവരും ബ്രഹ്മി നേരിട്ട് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ വയറ്റില്‍ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം അവസ്ഥകളില്‍ ഉള്ളവര്‍ വൈദ്യോപദേശം അനുസരിച്ചു മാത്രമേ ബ്രഹ്മി ഉപയോഗിക്കാന്‍ പാടുള്ളൂ.

15/10/2020

താരന്‍ | മുടി കൊഴിച്ചല്‍ | DANDRUFF | HAIR FALL
***********************************************************************
ഉമ്മത്തിന്‍റെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് താരനും മുടി കൊഴിച്ചിലും മാറാന്‍ നല്ലതാണ്.
ഉമ്മം വിഷാംശം ഉള്ള ചെടിയാണ്. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

Want your business to be the top-listed Beauty Salon in Thrissur?
Click here to claim your Sponsored Listing.

Category

Address


Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm